കൊച്ചി: ക്രൈസ്തവർക്കു നേരേ രാജ്യത്തിനകത്തും പുറത്തും നടക്കുന്ന അക്രമങ്ങൾ തടയണമെന്ന് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (എഐസിയു) സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു.
തങ്ങളുടെ വിശ്വാസം പ്രഘോഷിക്കാൻ ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണം. എഫ്സിആർഎ ബില്ലിലെ ക്രൈസ്തവരുടെ ആശങ്കയ്ക്കു പരിഹാരം ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എഐസിയു എക്ലേസിയാസ്റ്റിക്കൽ അഡ്വൈസറി സമിതി ചെയർമാനും കോതമംഗലം ബിഷപ്പുമായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ വളർച്ചയ്ക്കും പിന്നാക്ക ജനവിഭാഗത്തിന്റെ ക്ഷേമത്തിനും ജാതിമത ഭേദമെന്യേ ക്രൈസ്തവ സഭ നൽകിയ സംഭാവനകൾ വിസ്മരിക്കരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മലയോര, തീരദേശ മേഖലകളിലുള്ള ജനങ്ങളുടെ ഭയാശങ്കകൾ പരിഹരിക്കാൻ സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, ന്യൂനപക്ഷ മന്ത്രി, വിദേശകാര്യമന്ത്രി എന്നിവർക്ക് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ സംസ്ഥാനസമിതി സമർപ്പിക്കുന്ന നിവേദനത്തിലെ ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനവും ബിഷപ് നിർവഹിച്ചു.
ഡൽഹിയിൽ ഓഗസ്റ്റ് 22, 23 തീയതികളിൽ നടക്കുന്ന എഐസിയു ദേശീയ ജനറൽ ബോഡിയിൽ കേരളത്തിൽനിന്നു പ്രതിനിധികളെ പങ്കെടുപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.
യോഗത്തിൽ സംസ്ഥാന ചെയർമാൻ അൽഫോൻസ് പെരേര അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ സി.ജെ. ജെയിംസ്, ബാബു അത്തിപ്പൊഴിയിൽ, ആന്റണി തൊമ്മാന, സൈബി അക്കര, ജോസ് ആന്റണി, പ്രഫ ജെ. ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.